Monday, September 21, 2015

സിംഗിള്‍ കോറും ഡ്യുവല്‍ കോറും ക്വാഡ്‌കോറും കടന്ന് പ്രൊസസറുകള്‍ ഒക്ടാ കോറിലെത്തി നില്‍ക്കുന്നു.

സ്‌ക്രീന്‍ മുതല്‍ റാം വരെയുള്ള ഘടകങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് ഓരോ സ്മാര്‍ട്‌ഫോണ്‍ മോഡലും പുറത്തിറങ്ങുന്നത്. സ്‌ക്രീന്‍ റിസൊല്യൂഷന്‍ കൂടിക്കൂടി ഇപ്പോള്‍ 4കെ ഡിസ്‌പ്ലേ വരെയായി. സിംഗിള്‍ കോറും ഡ്യുവല്‍ കോറും ക്വാഡ്‌കോറും കടന്ന് പ്രൊസസറുകള്‍ ഒക്ടാ കോറിലെത്തി നില്‍ക്കുന്നു. 

സ്മാര്‍ട്‌ഫോണിന്റെ ഹാര്‍ഡ്‌വേര്‍ മികവ് ഇങ്ങനെ അനുദിനം മുന്നേറുമ്പോഴും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്ന ഒന്നുണ്ട്; ബാറ്ററി ശേഷി. ഡിസ്‌പ്ലേ മിഴിവ് കൂടുമ്പോഴും പ്രൊസസര്‍ വേഗം ഇരട്ടിയാകുമ്പോഴുമൊക്കെ പാവം ബാറ്ററിയുടെ പണി കൂടുകയാണ്. അതിന്റെ ഫലമായി രാവിലെ ഫുള്‍ചാര്‍ജാക്കിയ ഫോണ്‍ പോലും വൈകുന്നേരമാകുമ്പോള്‍ 'ബാറ്ററി ലോ' കാട്ടുന്നത് പതിവ്. 

ഒരുതവണ ചാര്‍ജ് ചെയ്താല്‍ മൂന്നും നാലും ദിവസമൊക്ക സുഖമായി പ്രവര്‍ത്തിക്കുന്ന നോക്കിയ 1100 യുടെ കഥയൊക്കെ പഴമക്കാര്‍ പറയുമ്പോള്‍ അദ്ഭുതത്തോടെ കേട്ടിരിക്കാനേ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് കഴിയൂ. വമ്പന്‍ കമ്പനികള്‍ തലകുത്തി നിന്നിട്ടുപോലും 24 മണിക്കൂര്‍ നേരം ഫുള്‍ചാര്‍ജ് നില്‍ക്കുന്നൊരു സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. 

കൂടുതല്‍ ബാറ്ററി ആയുസ് സമ്മാനിക്കുന്ന സ്മാര്‍്ട്‌ഫോണുകളുടെ ഒരുനിര തന്നെ ചൈനീസ് കമ്പനിയായ ജിയോണി പുറത്തിറക്കിയിട്ടുണ്ട്. 'മാരത്തോണ്‍' എന്നു പേരിട്ടിരിക്കുന്ന ആ സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടു. മാരത്തോണ്‍ എം4 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണില്‍ 5000 എം.എ.എച്ച്. ശേഷിയുള്ള ഭീമന്‍ ലി-അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

440 മണിക്കൂര്‍ നേരത്തെ സ്റ്റാന്‍ഡ്‌ബൈയാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. ഫുള്‍ചാര്‍ജ് ചെയ്ത് ഒരിടത്തുവച്ച് പതിനെട്ടുദിവസങ്ങള്‍ക്ക് ശേഷം വന്നുനോക്കിയാലും ഫോണിന്റെ ചാര്‍ജ് തീര്‍ന്നിട്ടുണ്ടാവില്ലെന്നര്‍ഥം. 

Gionee Marathon M4

വെറുതെ സൂക്ഷിച്ചുവെക്കാനല്ലല്ലോ ഫോണ്‍ വാങ്ങുന്നത്. തുടര്‍ച്ചയായി ആളുകളോട് സംസാരിക്കലും വീഡിയോ കാണലും വെബ് ബ്രൗസിങുമൊക്കെ നടത്തിയാലും രണ്ടര ദിവസം ഇതിന്റെ ചാര്‍ജ് നിലനില്‍ക്കുമെന്ന് ജിയോണി കട്ടായം പറയുന്നുണ്ട്. 

ഫോണിലെ ബാറ്ററിയെ പവര്‍ബാങ്ക് പോലെ ഉപയോഗിക്കാവുന്ന സൗകര്യവുമുണ്ട്. അത്യാവശ്യം വേണമെങ്കില്‍ ഈ ബാറ്ററിയില്‍ നിന്ന് മറ്റ് ഫോണുകളിലേക്ക് ചാര്‍ജ് പകരാം. 

ബാറ്ററി ചാര്‍ജ് ലാഭിക്കാനായി പവര്‍ സേവിങ് മോഡും ഫോണിലുണ്ട്. അതിലേക്ക് മാറ്റിയാല്‍ സ്മാര്‍ട്‌ഫോണിന്റെ എല്ലാ സംവിധാനങ്ങളുമൊഴിവായി മാരത്തോണ്‍ എം4 ഒരു ഫീച്ചര്‍ ഫോണായി മാറും. ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനും മാത്രമേ പിന്നെ സാധിക്കൂ.

720X1280 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചിഞ്ച് എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌ക്രീനിന്റെ പിക്‌സല്‍ സാന്ദ്രത 294 പി.പി.ഐ.

1.3 ഗിഗാഹെര്‍ട്‌സിന്റെ മീഡിയാടെക് ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. 

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷന്‍ അടിസ്ഥാനമാക്കിയുള്ള അമിഗോ 3.0 യൂസര്‍ ഇന്റര്‍ഫേസിലാണ് മാരത്തോണ്‍ എം4 പ്രവര്‍ത്തിക്കുന്നത്. 15,490 രൂപ മുടക്കിയാല്‍ ഈ ഫോണ്‍ വാങ്ങാനാകും.
Share:

0 comments:

Post a Comment

Definition List

Unordered List

Support